പുകയും മേഘവും
ചെറുകഥ
STORIES
RAJAGOPALAN N
5/18/20251 min read
പുകയും മേഘവും
നമ്മുടെയെല്ലാം ചെറുപ്പകാലത്ത് എത്രയോ അമ്മൂമ്മ കഥകൾ നാം കേട്ടിട്ടുണ്ട്. നമ്മുടെ ജീവിതത്തിൽ പ്രകടമായി അതിന്റെ സ്വാധീനം ഉണ്ടായിട്ടുമുണ്ട്. ആ ഓർമ്മകൾ അയവിറക്കി ക്കൊണ്ട് ഞാൻ ഈയ്യിടെ കേട്ട ഒരു കഥ നിങ്ങളുമായി പങ്കിടാൻ ആഗ്രഹിക്കുന്നു.
നമ്മുടെ വളർന്നു വരുന്ന കുട്ടികൾക്കും പേരക്കുട്ടികൾക്കും ഇത് പറഞ്ഞുകൊടുക്കുന്നത് നന്നായിരിക്കുമെന്ന് തോന്നി. ചിലപ്പോൾ നിങ്ങളിൽ പലരും ഈ കഥ കേട്ടിരിക്കാം. അല്ലാത്തവർക്കായി ഈ കഥ ഇവിടെ സമർപ്പിക്കട്ടേ.
സമയം സന്ധ്യയോടടുക്കുന്നു. അങ്ങകലെ ആകാശത്തിൽ ഒരു വലിയ പുകക്കുഴൽ കാണാം. അതിൽനിന്നു കറുത്തിരുണ്ട പുക ചുരുളുകൾ കാറ്റിന്റെ അകമ്പടിയോടെ ഉയർന്നു പൊങ്ങുകയാണ്. ഒറ്റനോട്ടത്തിൽ കാർമേഘപടലങ്ങൾ എന്നേ തോന്നു. പറന്നു പറന്ന് ആ പുക എത്തിച്ചേ ർന്നത് സാക്ഷാൽ കാർമേഘത്തിന്റെ അടുത്താണ്. പുക തന്നെയും കാർമേഘത്തെയും പരസ്പരം വീക്ഷിച്ചശേഷം ഞാനും ഇപ്പോൾ കാർമേഘപോലെ ആയല്ലോയെന്ന ധാരണയിലെത്തി. ഈ വിവരം കാർമേഘത്തിനോട് തെല്ലു അഹങ്കാരത്തോടെ ഉച്ചത്തിൽ വിളിച്ചു പറയാനും അത് മടിച്ചില്ല.
"ഞാനും നീയും ഇപ്പോൾ ഒരുപോലെയാണ്. ഞാനും മേഘമാണ്. നിന്നെപോലെ ത്തന്നെ എനിക്കും അംഗീകാരം കിട്ടും."


അതിനു മറുപടി പറയാനൊന്നും മേഘം ശ്രമിച്ചില്ല.
എന്നാൽ ഇതെല്ലാം കേട്ടുകൊണ്ട് താഴെ ഭൂമി അർത്ഥംവെച്ചു പുകയെനോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. എന്നാൽ ഇതൊന്നും കാണാനോ ഗൗനിക്കാനോ പുക തയ്യാറായില്ല. അത് കാർമേഘങ്ങൾക്കിടയിലൂടെ സഞ്ചാരം തുടരുകയായിരുന്നു.
പെട്ടെന്നാണ് മിന്നലോടെ ഇടിവെട്ടിയത്. പുക ഇതുകേട്ടു ഞെട്ടുക മാത്രമാണ് ചെയ്തത്.
മിന്നലും ഇടിവെട്ടും ആകാശമാകെ പ്രകാശപൂരിതമാക്കുകയും ശബ്ദമുഖരിതമാക്കുകയും ചെയ്യുന്നതിനിടയിൽ കാർമേഘം തന്റെ ദൗത്യം നിർവഹിക്കുയായിരുന്നു. അത് മഴത്തുള്ളികളായി - മഴയായി - ഭൂമിയിലേക്കു പതിക്കുകയായിരുന്നു. ഭൂമി നനഞ്ഞു കുളിർത്ത് ആനന്ദത്തിൽ ആറാടി.
ഇതെല്ലാം കണ്ട് അന്തംവിട്ടു ആകാശത്തുനിന്ന പുകയെ നോക്കി ഭൂമി ഉറക്കെ പറഞ്ഞു.
"കേമം നടിച്ച് ഉയരത്തിൽ ഇരിക്കുന്നതിലല്ല മഹത്ത്വം. നേരേമറിച്ച് താഴെയുള്ളവർക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ കർമങ്ങൾ ചെയ്യുന്നതിലാണ് മഹത്ത്വം!"
പുകക്ക് മറുപടി പറയാൻ ഒന്നുമുണ്ടായിരുന്നില്ല.
ഭൂമി തുടർന്നു.
"ഒരിക്കലും നിനക്ക് കാർമേഘം ആകാൻ കഴിയില്ല. നീ വെറുമൊരു പുക മാത്രമാണ്."
അപ്പോഴും പുക ഇളിഭ്യനായി നിന്നതേയുള്ളു.
ഭൂമി വീണ്ടും പറഞ്ഞു:
" നിന്നെത്തന്നെ തിരിച്ചറിയാൻകൂടി ശ്രമിച്ചാൽ നന്ന്!"
നമ്മളിൽ പലരും 'പുക' യുടെ ഗണത്തിൽപ്പെട്ടവരാകാം. അവനവന്റെ ഗുണങ്ങളും പോരായ്മകളും സ്വയം തിരിച്ചറിഞ്ഞുള്ള കരുക്കൾ നീക്കാൻ ഈ ജീവിതത്തിൽ നമുക്കാവട്ടേ!