5


Rajagopalan N , Thrissur
1200 ഇടവം
19-05-2025


കീഴാർനെല്ലി
ഇന്നത്തെ ചോദ്യം
ഒരു പെൺകുട്ടിക്ക് സഹോദരിമാരുടെ അത്രയും സഹോദരന്മാരുണ്ട്, എന്നാൽ ഓരോ സഹോദരനും സഹോദരിമാരുടെ പകുതി സഹോദരന്മാരേ ഉള്ളൂ. കുടുംബത്തിൽ എത്ര സഹോദരീസഹോദരന്മാരുണ്ട്?
നമ്മുടെയെല്ലാം ചെറുപ്പകാലത്ത് എത്രയോ അമ്മൂമ്മ കഥകൾ നാം കേട്ടിട്ടുണ്ട്. നമ്മുടെ ജീവിതത്തിൽ പ്രകടമായി അതിന്റെ സ്വാധീനം ഉണ്ടായിട്ടുമുണ്ട്. ആ ഓർമ്മകൾ അയവിറക്കി ക്കൊണ്ട് ഞാൻ ഈയ്യിടെ കേട്ട ഒരു കഥ നിങ്ങളുമായി പങ്കിടാൻ ആഗ്രഹിക്കുന്നു.
നമ്മുടെ വളർന്നു വരുന്ന കുട്ടികൾക്കും പേരക്കുട്ടികൾക്കും ഇത് പറഞ്ഞുകൊടുക്കുന്നത് നന്നായിരിക്കുമെന്ന് തോന്നി. ചിലപ്പോൾ നിങ്ങളിൽ പലരും ഈ കഥ കേട്ടിരിക്കാം. അല്ലാത്തവർക്കായി ഈ കഥ ഇവിടെ സമർപ്പിക്കട്ടേ.


പുകയും മേഘവും
സമയം സന്ധ്യയോടടുക്കുന്നു. അങ്ങകലെ ആകാശത്തിൽ ഒരു വലിയ പുകക്കുഴൽ കാണാം. അതിൽനിന്നു കറുത്തിരുണ്ട പുക ചുരുളുകൾ കാറ്റിന്റെ അകമ്പടിയോടെ ഉയർന്നു പൊങ്ങുകയാണ്. ഒറ്റനോട്ടത്തിൽ കാർമേഘപടലങ്ങൾ എന്നേ തോന്നു. പറന്നു പറന്ന് ആ പുക എത്തിച്ചേ ർന്നത് സാക്ഷാൽ കാർമേഘത്തിന്റെ അടുത്താണ്. പുക തന്നെയും കാർമേഘത്തെയും പരസ്പരം വീക്ഷിച്ചശേഷം ഞാനും ഇപ്പോൾ കാർമേഘപോലെ ആയല്ലോയെന്ന ധാരണയിലെത്തി. ഈ വിവരം കാർമേഘത്തിനോട് തെല്ലു അഹങ്കാരത്തോടെ ഉച്ചത്തിൽ വിളിച്ചു പറയാനും അത് മടിച്ചില്ല.
"ഞാനും നീയും ഇപ്പോൾ ഒരുപോലെയാണ്. ഞാനും മേഘമാണ്. നിന്നെപോലെ ത്തന്നെ എനിക്കും അംഗീകാരം കിട്ടും."
അതിനു മറുപടി പറയാനൊന്നും മേഘം ശ്രമിച്ചില്ല.
എന്നാൽ ഇതെല്ലാം കേട്ടുകൊണ്ട് താഴെ ഭൂമി അർത്ഥംവെച്ചു പുകയെനോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. എന്നാൽ ഇതൊന്നും കാണാനോ ഗൗനിക്കാനോ പുക തയ്യാറായില്ല. അത് കാർമേഘങ്ങൾക്കിടയിലൂടെ സഞ്ചാരം തുടരുകയായിരുന്നു.
പെട്ടെന്നാണ് മിന്നലോടെ ഇടിവെട്ടിയത്. പുക ഇതുകേട്ടു ഞെട്ടുക മാത്രമാണ് ചെയ്തത്.
മിന്നലും ഇടിവെട്ടും ആകാശമാകെ പ്രകാശപൂരിതമാക്കുകയും ശബ്ദമുഖരിതമാക്കുകയും ചെയ്യുന്നതിനിടയിൽ കാർമേഘം തന്റെ ദൗത്യം നിർവഹിക്കുയായിരുന്നു. അത് മഴത്തുള്ളികളായി - മഴയായി - ഭൂമിയിലേക്കു പതിക്കുകയായിരുന്നു. ഭൂമി നനഞ്ഞു കുളിർത്ത് ആനന്ദത്തിൽ ആറാടി.
ഇതെല്ലാം കണ്ട് അന്തംവിട്ടു ആകാശത്തുനിന്ന പുകയെ നോക്കി ഭൂമി ഉറക്കെ പറഞ്ഞു.
"കേമം നടിച്ച് ഉയരത്തിൽ ഇരിക്കുന്നതിലല്ല മഹത്ത്വം. നേരേമറിച്ച് താഴെയുള്ളവർക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ കർമങ്ങൾ ചെയ്യുന്നതിലാണ് മഹത്ത്വം!"
പുകക്ക് മറുപടി പറയാൻ ഒന്നുമുണ്ടായിരുന്നില്ല.
ഭൂമി തുടർന്നു.
"ഒരിക്കലും നിനക്ക് കാർമേഘം ആകാൻ കഴിയില്ല. നീ വെറുമൊരു പുക മാത്രമാണ്."
അപ്പോഴും പുക ഇളിഭ്യനായി നിന്നതേയുള്ളു.
ഭൂമി വീണ്ടും പറഞ്ഞു:
" നിന്നെത്തന്നെ തിരിച്ചറിയാൻകൂടി ശ്രമിച്ചാൽ നന്ന്!"
നമ്മളിൽ പലരും 'പുക' യുടെ ഗണത്തിൽപ്പെട്ടവരാകാം. അവനവന്റെ ഗുണങ്ങളും പോരായ്മകളും സ്വയം തിരിച്ചറിഞ്ഞുള്ള കരുക്കൾ നീക്കാൻ ഈ ജീവിതത്തിൽ നമുക്കാവട്ടേ!
ഇന്നത്തെ പാചക കുറിപ്പ്
വാഴക്കൂമ്പ് - 1 എണ്ണം
തേങ്ങ ചിരകിയത് - 1/2 കപ്പ്
വെളുത്തുള്ളി - 3 - 4 അല്ലി
ജീരകം - 1 നുള്ള്
മഞ്ഞൾ പൊടി - 1 / 4 ടീസ്‌പൂൺ
മുളകുപൊടി - 1 / 2 ടീസ്‌പൂൺ
ഉപ്പു - പാകത്തിന്
വാഴക്കൂമ്പ് ഏറ്റവും പുറമെയുള്ള ചുവന്ന നിറത്തിലെ ഇതളുകൾ ഓരോന്നായി അടർത്തി മാറ്റുക. അപ്പോൾ വെള്ള നിറത്തിലുള്ള ഭാഗം വരും
പിന്നീട് മുകളിൽനിന്ന് ചെറുതായി കൊത്തി അരിയുക.
അരിഞ്ഞു തീരുമ്പോൾ പതുക്കെ അരിഞ്ഞു വെച്ചിരിക്കുന്ന വാഴ്‌കൂമ്പിൽ കൈവിരലുകൾ അനക്കി അതിലുള്ള നൂൽ പോലത്തെ കറ കളയാം.
തേങ്ങ, വെളുത്തുള്ളി,ജീരകം, മഞ്ഞൾ പൊടി , മുളക് പൊടി ചേർത്ത് ചതച്ച് എടുക്കുക.
തയ്യാറാക്കേണ്ട രീതി
1.ഒരു ചീനച്ചട്ടി അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.
2.അരിഞ്ഞ് വെച്ചിരിക്കുന്ന വാഴക്കൂമ്പും ചതെച്ചെടുത്ത തേങ്ങയും ആവശ്യത്തിന് ഉപ്പും ചേർത്തു ഇളക്കുക.
3 അടപ്പ് വെച്ച് അടച്ച് 5 മിനുട്ട് വേവിക്കുക.അതിനു ശേഷം ഒന്നുകൂടി ഇളക്കി കുറച്ചു നേരം കൂടി വേവിക്കുക.
4 അടപ്പ് മാറ്റി നന്നായി ഇളക്കി എടുക്കുക.
5 വാഴക്കൂമ്പ് തോരൻ തയ്യാറായി






ഔഷധ സസ്യം


കാച്ചിൽ വർഗ്ഗത്തിൽപ്പെട്ട ഒരു വള്ളിച്ചെടിയാണ് അടതാപ്പ്. 60 വർഷങ്ങൾക്ക് മുന്പ് ഇന്നത്തെ ഉരുളക്കിഴങ്ങിന്റെ സ്ഥാനം അടതാപ്പിനായിരുന്നു, ഉരുളക്കിഴങ്ങ് മണ്ണിനടിയില് ഉണ്ടാകുന്നു- അടതാപ്പ് വള്ളികളിൽ മുകളിൽ ഉണ്ടാവുന്നു


ഇന്ന് പരിചയപ്പെടുത്തുന്ന പുസ്തകം


ജപ്പാനിലെ നാട്ടിൻപുറത്ത് ജനിച്ച ഫുക്കുവോക്ക ഏറെക്കാലം സസ്യരോഗങ്ങളെക്കുറിച്ച് ഗവേഷണം നടത്തി. പിന്നീട് കൃഷിവിഭാഗത്തിൽ ജോലി നോക്കി
. ഒരിക്കൽ ഒരു വയലിനരികിലൂടെ പോവുകയായിരുന്ന അദ്ദേഹം അവിടത്തെ പുല്ലിനും കളയ്ക്കുമിടയിൽ നല്ല കരുത്തുള്ള നെൽച്ചെടികൾ അദ്ദേഹം കണ്ടു. ഉടനെ അദ്ദേഹത്തിന് ഒരു ആശയം തോന്നി. പ്രകൃതിയുമായി ഇണങ്ങി ചേർന്നുള്ളള ഒരുപുത്തൻ കൃഷിരീതിയായിരുന്നു അത്. മണ്ണിനെയും മനുഷ്യനെയും ബന്ധിപ്പിക്കുന്ന ഈ കൃഷിരീതി അന്നുവരെയുണ്ടായിരുന്ന പല ധാരണകളെയും മാറ്റിമറിച്ചു. ഭൂമി ഉഴുത് മറിക്കാതെയും നെൽക്കണ്ടങ്ങളിൽ വെളളം കെട്ടി നിർത്താതെയും യന്ത്രങ്ങളും രാസവളങ്ങൾ ഉപയോഗിക്കാതെയും ലാഭകരമായി കൃഷിചെയ്യാമെന്ന് ഫുക്കുവോക്ക പരീക്ഷിച്ചറിഞ്ഞു.
1975-ൽ ഫുക്കുവോക്കയുടെ കണ്ടെത്തലുകൾ ഒറ്റ വൈയ്ക്കോൽ വിപ്ലവം എന്ന പുസ്തക രൂപത്തിൽ പുറത്തിറങ്ങി.
(കർപ്പൂരതുളസി )
ഉന്മേഷദായകമായ കർപ്പൂരതുളസി ഇലകളിൽ മെന്തോൾ എന്ന സംയുക്തം അടങ്ങിയിരിക്കുന്നു, ഇത് ചുമ കൊണ്ട് പ്രകോപിതമായ തൊണ്ടയിലെ ഞരമ്പുകളുടെ അറ്റങ്ങൾ മരവിപ്പിക്കും. കഫം തകർക്കുന്നതിനും കഫക്കെട്ട് കുറയ്ക്കുന്നതിനും മെന്തോൾ സഹായിക്കും.
നിർദ്ദേശങ്ങൾ: ചുമയുടെ പ്രശ്നം കുറയ്ക്കുന്നതിന് കർപ്പൂരതുളസി ചായ ഒരു ദിവസം രണ്ടോ മൂന്നോ തവണ കുടിക്കാൻ ശ്രമിക്കുക. അരോമാതെറാപ്പിയായി നിങ്ങൾക്ക് കർപ്പൂരതുളസി എണ്ണ ഉപയോഗിക്കാം.
നാട്ടുവൈദ്യം
Contact Us
Reach out for inquiries about our daily newsletter services.